പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം.
കുതിരപ്പുരയിലെ പഠിത്തം
കല്ലാറിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ തമ്പുരാന് കുതിരപ്പുര ഉണ്ടായിരുന്നു. 1957ൽ അത് സ്‌കൂളാക്കി മാറ്റിയിരുന്നു. അവിടെയാണ് ലക്ഷ്മിക്കുട്ടിയും സഹോദരനും അമ്മാവന്റെ മകനും പഠിച്ചത്. അന്നത്തെക്കാലത്ത് പെണ്ണുങ്ങളെ പഠിപ്പിക്കാറില്ല. പ്രത്യേകിച്ച് ആദിവാസിക്കുട്ടികളെ. ലക്ഷ്മിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി പഠിപ്പിക്കാമെന്ന് അച്ഛൻ സമ്മതിച്ചു. ഇവർ മൂന്നുപേർ മാത്രമായിരുന്നു അന്ന് ആ ഊരിൽ നിന്ന് സ്‌കൂളിലേക്ക് പോയിരുന്നത്. കാടിനിടയിലൂടെ പരസ്പരം കൈത്താങ്ങായി നീങ്ങും. കിലോമീറ്ററുകളോളം സഞ്ചരിക്കണം, ആൾ താമസമുള്ളിടത്തെത്താൻ. വഴിയിൽ ആനയെയും പുലിയെയുമൊക്കെ കണ്ടെന്നുവരാം. പക്ഷേ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവർക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എട്ടാം ക്ളാസുവരെ പഠിച്ചു.
അന്ന് സ്കൂളിലേക്കു പുറപ്പെടുംമുമ്പ് ലക്ഷ്മിക്കുട്ടിയുടെ അമ്മ സഹോദരന്റെ മകനായ മാത്തൻ കാണിയോട് പറയും. -- എടാ ചെറുക്കാ പെണ്ണിനെക്കൂടി ഒന്നു നോക്കിക്കോയെന്ന്. അന്ന് തുടങ്ങിയ കാവൽ മാത്തൻ തന്റെ ജീവിതകാലം മുഴുവൻ തുടർന്നു. 16 വയസിൽ മാത്തന്റെ ഭാര്യയായി ലക്ഷ്മിക്കുട്ടി. ഒരുവർഷം മുൻപ് മരിക്കുന്നതുവരെ മാത്തൻ കാണിയായിരുന്നു ലക്ഷ്മിക്കുട്ടിക്ക് താങ്ങും തണലുമായി നിന്നത്. അദ്ദേഹത്തിന്റെ മൂന്നു ആൺമക്കളുടെ അമ്മയായി. ദരണീന്ദ്രൻ കാണിയെയും, ലക്ഷ്മണനെയും, ശിവപ്രസാദിനെയും കാട്ടിലൊതുക്കിനിറുത്താൻ ഇവർ ആഗ്രഹിച്ചിരുന്നില്ല. കാടിന്റെ മക്കളെന്ന് മുദ്രകുത്തി സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് തന്റെ മക്കളെ മാറ്റിനിർത്തപ്പെടാതിരിക്കാൻ മക്കളെ പഠിപ്പിച്ചു. കാടിന്റെ ഇരുളിലും,തുരുത്തിന്റെ ഉച്ചിയിലും തളയ്ക്കപ്പെട്ട് ഒടുങ്ങേണ്ടവരല്ല തങ്ങളെന്ന ബോധം ഈ മുത്തശ്ശി മക്കൾക്കും ചെറുമക്കൾക്കും പകർന്നു നൽകി.
കാട്ടറിവുകളേറെ...
1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.
ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ
ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
നീറി നീറി
നാട്ടിലെ പല അമ്മമാരുടെയും കണ്ണീർ തുടയ്‌ക്കുന്ന ലക്ഷ്മിക്കുട്ടിയുടെ ജീവിതത്തിലെ എന്നത്തെയും വലിയ വേദനയാണ് മൂത്ത മകൻ ധരണീന്ദ്രന്റെയും ഇളയ മകൻ ശിവപ്രസാദിന്റെയും മരണം. മൂത്ത മകൻ ധരണീന്ദ്രൻകാണിയെ ബാങ്ക് ഓഡിറ്ററാക്കി. രണ്ടാമൻ ലക്ഷ്മണൻ റെയിൽവേയിൽ ടിക്കറ്റ് ഇൻസ്പെക്ടറാണ്. മൂന്നാമത്തെ മകൻ ശിവപ്രസാദും നല്ല രീതിയിൽ പഠിച്ചു ജോലി വാങ്ങി. 2005ലാണ് ധരണീന്ദ്രന്റെ ദാരുണ മരണം. വനത്തിനുള്ളിലൂടെ അച്ചൻകാവിൽ പോയ ധരണീന്ദ്രനെ പരുത്തിപ്പള്ളി റേഞ്ചിൽ വച്ച് ആന കുത്തിക്കൊല്ലുകയായിരുന്നു. ചില നേരത്ത് കാട് നമ്മളിൽ നിന്ന് ചിലതൊക്കെ പിടിച്ചെടുക്കുമെന്ന് നിറകണ്ണുകളോടെ ലക്ഷ്മിക്കുട്ടി പറയുന്നു. രണ്ടുവർഷം മുൻപ് ഇളയ മകൻ ശിവപ്രസാദിന്റെ മരണവും പെട്ടെന്നായിരുന്നു. വയറുവേദന വന്ന് രണ്ടുദിവസങ്ങൾക്കകം മരിക്കുകയായിരുന്നു. മരണകാരണമെന്തെന്ന് ഈ അമ്മയ്ക്ക് ഇനിയും വ്യക്തമല്ല.
കാടാണെല്ലാം
കാട്ടിലെ വേട്ട ദേവന്റെ പൂജയാണെന്നാണ് ലക്ഷ്മിക്കുട്ടിഅമ്മ പറയുന്നത്. കാട്ടിനുള്ളിലായിരുന്നു പണ്ട് കൃഷി ചെയ്തിരുന്നത്. കാടും മലയും അലഞ്ഞ് കിട്ടുന്നത് എന്തും മരുന്നും ഭക്ഷണവുമാക്കും. മരിച്ചീനിയും മലവെള്ളരിയും കാട്ടുകിഴങ്ങും ഭക്ഷണമാകും. ഊളൻ തകര (ഒരുതരം ചെടി) വറുത്തു പൊടിച്ചു കരുപ്പട്ടിയും ചേർത്ത് കാപ്പിയാക്കും. കൃഷിപ്പണിയും ഭക്ഷണവും കഴിഞ്ഞാൽ പിന്നെ പഞ്ചിപ്പാറ ആറ്റിലെത്തി നീന്തിക്കുളിക്കും. ചീവീടുകൾ മാത്രം കരയുന്ന കൊടിയ വനത്തിൽ ഒഴുകുന്ന അരുവിയും അരുവി ചെന്ന് വീഴുന്ന വെള്ളച്ചാട്ടവുമൊക്കെ ആസ്വദിച്ചുള്ള കുളി നിലാവുകളിൽ പുൽചേടുകളിൽ നീണ്ടുകിടക്കുന്ന കോടമഞ്ഞ് കാണാം. അന്ന് പൊന്മുടിയിലെ അടിവാരത്തിലൂടെ അവ ഒഴുകിനടക്കും മഴ വരാൻ പോകുന്നുവെന്ന കേവല അറിവു മാത്രം മതി കാടുണരാൻ. ഇങ്ങനെ കാട്ടിനെക്കുറിച്ചു പറഞ്ഞുതുടങ്ങിയാൽ ലക്ഷ്മിക്കുട്ടി വാചാലയാകും. ഇപ്പോൾ പൊൻമുടി ലോകസഞ്ചാരപദത്തിൽ ഇടം പിടിച്ചതോടെ കാട് ആദിവാസികൾക്ക് അന്യമായി. കാട്ടിൽ പോകാൻ പറ്റാതെയായെന്ന് പരിഭവം പറയുകയാണ് ലക്ഷ്മിക്കുട്ടി.
ഒറ്റയ്ക്കാണ് ജീവിതം
ഭർത്താവിന്റെ മരണത്തോടെ കാട്ടിലെ വീട്ടിൽ ഒറ്റയ്‌ക്കാണ് ലക്ഷ്മിക്കുട്ടിയുടെ താമസം. മക്കളെല്ലാം അവരവരുടെ ജീവിതം തോടിപ്പോയി കഴിഞ്ഞു. ഈ കാടുള്ളപ്പോൾ പിന്നെന്തിന് പേടിക്കണമെന്നാണ് ലക്ഷ്മിക്കുട്ടി ചോദിക്കുന്നത്. മറ്റ് ഏത് ആദിവാസിയെയും പോലെ ലക്ഷ്മിക്കുട്ടിക്കും കാടൊരു വികാരമാണ്. തന്നെ പ്രസവിച്ച് പോറ്റിവളർത്തിയത് കാടാണ്. തനിക്ക് പരിചയമില്ലാത്തതൊന്നും കാട്ടിൽ തന്റെ ചുറ്റുമില്ല. കാനനമദ്ധ്യത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നതിലും ലക്ഷ്മിക്കുട്ടിക്ക് മടിയില്ല. തനിക്കെല്ലാം തന്നത് ഈ കാടു തന്നെയാണ്. തനിക്ക് പ്രിയപ്പെട്ടത് തട്ടിയെടുത്തതും ഈ കാട് തന്നെ. കാടിനൊരു സത്യമുണ്ടെന്ന് ലക്ഷ്മിക്കുട്ടി പറയുന്നു.അഞ്ചു പതിറ്റാണ്ടിനിടെ ഈ മുത്തശ്ശിയെത്തേടി മലകയറി കാട്ടുവഴികൾ താണ്ടി വന്നത് ആയിരക്കണക്കിന് ആളുകളാണ്. മിക്കവരും കാട്ടുമരുന്നിന്റെ കരുത്തു തേടി വന്നവർ. ചിലർ കേട്ടറിഞ്ഞ് കാണാനെത്തി. ചായ്പിനു സമാനമായ വീടിനു ചുറ്റും പേരറിയാത്ത ഔഷധച്ചെടികൾ. പൂക്കളും കായ്കളുമായി നിൽക്കുന്ന ഇവയെല്ലാം സ്വന്തം മക്കളാണെന്ന് ലക്ഷ്മി പറയുന്നു.
Comments
Post a Comment